2018 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

വിമർശനങ്ങൾ

ആളുകൾ എന്തു പറയുന്നു എന്നോർത്ത് വിഷമിച്ചിരുന്നിട്ട് കാര്യമില്ല. ചെയ്യുന്നത് ശരിയെന്ന് നമുക്ക് ബോധ്യമുള്ളിടത്തോളം ആളുകളെ ഭയപ്പെടേണ്ടതില്ല.
വിമർശനം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഒരേ ഒരു വഴി ഒരു ചൈനീസ് പാവയായി ഷോ കേസിൽ കയറി ഇരിക്കുകയാണ്.
ശരിയെന്ന് ഹൃദയം പറയുന്നത് ചെയ്തു കൊണ്ടിരിക്കുക.

ജനങ്ങൾ അന്യായമായി നമ്മെ വിമർശിക്കുന്നതിൽ നിന്നും അവരെ തടയാൻ നുക്കാവില്ലെങ്കിലും  അങ്ങനെയുള്ള വിമർശനങ്ങൾ നമ്മെ വിഷമിപ്പിക്കണമൊ എന്ന് തീരുമാനിക്കാൻ നമുക്കാവും.
    chuvadugal1.blogspot.com

2018 സെപ്റ്റംബർ 18, ചൊവ്വാഴ്ച

കയ്യിലുള്ളത്.

 പ്രസിദ്ധനായ ഒരു സൂഫിയും ശിഷ്യൻമാരും നടന്നു പോവുകയായിരുന്നു. അവരെ നോക്കി ചില ചെറുപ്പക്കാർ കളിയാക്കിച്ചിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. സൂഫി അവരുടെ പേരുകൾ ചോദിച്ചറിയുകയും അവരുടെ പേരെടുത്തു പറഞ്ഞ് അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
          ഇതു കണ്ട് ശിഷ്യന്മാർ അദ്ദേഹത്തോട് ചോദിച്ചു.
          'ചീത്ത പറയുന്നവർക്കു വേണ്ടി എന്തിനാണ് താങ്കൾ പ്രാർത്ഥിച്ചത്? എന്തു കൊണ്ടാണ് മറുപടി പറയാതിരുന്നത്?'
          അദ്ദേഹം പറഞ്ഞു.
         'ഒരാളുടെ മടിശ്ശീലയിൽ എന്താണോ ഉള്ളത് അതു മാത്രമല്ലേ അയാൾ മറ്റൊരാൾക്കു നൽകൂ ?  അവരുടേതിൽ ചീത്ത വിളികൾ. എന്റെ മടിശ്ശീലയിൽ പ്രാർത്ഥന .'